Sunday, December 26, 2010

നമ്മള്‍ ഭയപ്പെടുന്നു.....!!

നമ്മള്‍ ഭയപ്പെടുന്നു, ഭയം നമുക്ക് നല്ലതൊന്നും വരുത്തില്ല എന്നറിഞ്ഞിട്ടും. ഇതുവരെ ഭയം നമുക്ക് വരുത്തിവച്ച കുഴപ്പങ്ങള്‍ ഓര്‍ത്തിട്ടും നമ്മള്‍ ഭയപ്പെടുന്നു. ജീവിതത്തില്‍ നല്ലതെന്ന് നമ്മളും മറ്റുള്ളവരും കരുതുന്ന ഓരോ കാര്യവും നടക്കുമ്പോഴും നമ്മള്‍ ഭയപ്പെടുന്നു. ഏറ്റവും നല്ലതെന്ന് പലരും കരുതുന്ന ജോലി നമുക്ക് ലഭിച്ചാല്‍ മേലധികാരിയെ നമ്മള്‍ അറിയാതെ ഭയപ്പെടും. ആ ജോലി സത്യത്തില്‍ ഒരു ഭാരമായിരിക്കും. പക്ഷെ എന്തിനൊക്കെയോ വേണ്ടി നമ്മള്‍ ഭയപ്പെടാനും അനുസരിക്കാനും നിര്‍ബന്ധിതരാകുന്നു. നാട്ടില്‍ പോയി ബിസിനസോ കൃഷിയോ നടത്തിയാലും നന്നായി ജീവിക്കാന്‍ കഴിയും, പക്ഷെ നമ്മള്‍ ഭയപ്പെടുന്നു.
                                                                         ഞങ്ങള്‍ക്ക് ഭയമില്ല എന്ന് പറഞ്ഞു പലരും വരുമെന്നറിയാം, എങ്കിലും അവരും ഭീരുത്വത്തെ ഭയപ്പെടുന്നു.ഭയമില്ലെന്നു വരുത്താന്‍ ബഞ്ചി ജമ്പിങ്ങ്നു പോയാലും ഇന്‍സ്ട്രക്ടരുടെ നിര്‍ദേശങ്ങളെ നാം ഭയക്കുന്നു. ഭയം ഇല്ലാതാക്കാന്‍ കരാട്ടെ പഠിക്കാന്‍ പോയാല്‍ മാസ്ടരെ അനുസരിക്കണം, അതിലും ഒരു ഭയം ഒളിഞ്ഞിരിക്കുന്നു.
                                                                       പലര്‍ക്കും പലതിനെ ഭയം, ചിലര്‍ക്ക് അവനവനെത്തന്നെ ഭയം, എനിക്ക് വേണ്ടാത്ത ചിന്തകളെ ഭയം. ഭൂരിപക്ഷവും ഭയന്ന് ജീവിക്കുന്നു. ഇതൊക്കെ വായിച്ചിട്ട് നല്ല നാല് കമന്ട് ഇടാം എന്ന് വിചാരിച്ചാലും ബൂലോഗത്തെ ഭയന്ന് പലരും മിണ്ടാതെ പോകുന്നു......!!

Sunday, September 26, 2010

പ്രേമം

ശരിക്കും എന്താണ് പ്രേമം ? ഇന്നത്തെ കൌമാരക്കാരുടെ രീതി വച്ച് നോക്കിയാല്‍ നമുക്ക് യോജിച്ച ഒരു ആളിനെ കാണുമ്പോള്‍ അയാളെ വിവാഹം കഴിക്കാനുള്ള ഒരു ആഗ്രഹം. പിന്നീട് അത് അയാളോട് തുറന്നു പറയുകയും, അയാള്‍ക്കിഷ്ടമായാല്‍ അവര്‍ തന്നെ ഒരു വിവാഹ ഉടമ്പടി മനസുകൊണ്ട് ഉണ്ടാക്കുകയും ചെയ്യുന്നു. പിന്നീട് യാത്രകളും, ചുറ്റി കറക്കങ്ങളും ഒരുമിച്ചാകുന്നു. മൊബൈലിനു വിശ്രമം ഇല്ലാതെയാകുന്നു. പിന്നെ വീട്ടില്‍ കാര്യം പറഞ്ഞു സമ്മതിപ്പിക്കാന്‍ നോക്കുന്നു. ചിലത് വിവാഹത്തില്‍ കലാശിക്കുന്നു. ചിലത് തകരുന്നു. ഇന്നത്തെ പല യുവാക്കളുടെയും പ്രണയം ഞാന്‍ കണ്ടിടത്തോളം ഇതൊക്കെ തന്നെയാണ് .
                                             യഥാര്‍ത്ഥത്തില്‍ ഇതാണോ പ്രണയം ? എന്റെ അഭിപ്രായത്തില്‍ ഇത് മാത്രമല്ല. പ്രണയത്തിനു ഇതിലുപരി ചില തലങ്ങള്‍ കൂടിയുണ്ട്. രണ്ടുപേര്‍ സ്വന്തമായി എടുക്കുന്ന വിവാഹ ഉടമ്പടി മാത്രമല്ല പ്രേമം. അത് രണ്ടു മനസുകള്‍ തമ്മിലുണ്ടാകുന്ന ശക്തമായ ഒരു ബന്ധമാണ്. അത് വാക്കുകളാല്‍ വര്‍ണിക്കാന്‍ പ്രയാസവുമാണ്. ഞങ്ങളുടെ പഠന കാലത്ത് (2001 - നു മുന്‍പ് )ഞാന്‍ കണ്ടിട്ടുള്ള കൂടുതലും പ്രണയങ്ങളും ഇതുപോലെ ഉള്ളവയായിരുന്നു. കേവലം വിവാഹ ആഗ്രഹം പ്രണയം ആകുന്നതു അന്ന് കുറവായിരുന്നു. ഇന്ന് പലരും പ്രണയിക്കുന്നത്‌ തന്നെ തനിക്കു വരന്‍ /വധു ആകാനുള്ള യോഗ്യത ഇയാള്‍ക്കുണ്ടോ എന്ന് നോക്കി മാത്രമാണ്. അവിടെ പ്രേമത്തിന്റെ പവിത്രത നഷ്ടപ്പെടുന്നു . അതുതന്നെയാണ് കേവലം വിവാഹത്തിനുള്ള ആഗ്രഹം പ്രണയമായി കരുതുമ്പോഴുള്ള കുഴപ്പവും.
                                         ജോലി, വിദ്യാഭ്യാസം,ജാതി,മതം,ഭാഷ,ദേശം ഇവയ്ക്കൊക്കെ അതീതമാണ് യഥാര്‍ത്ഥ പ്രണയം.ഇങ്ങനെയുള്ള എത്ര പ്രേമങ്ങള്‍ വിവാഹത്തില്‍ കലാശിക്കും? ഇത് തന്നെയാണ് പ്രേമവും, വിവാഹ ആഗ്രഹവും തമ്മിലുള്ള വ്യത്യാസവും.

Wednesday, September 15, 2010

അമിതസ്നേഹം

ചില മാതാപിതാക്കള്‍ മക്കളെ അമിതമായി care ചെയ്യാറില്ലേ ? അതുപോലെ ചില ഭര്‍ത്താക്കന്മാര്‍ ഭാര്യയേയും ? ഈ അമിത ശ്രദ്ധയ്ക്ക്‌ പിന്നില്‍ സ്നേഹത്തിലുപരി മറ്റെന്തോ ഉണ്ടെന്നു തോന്നിയിട്ടില്ലേ ? തങ്ങളുടെ അധികാരവും അവകാശവും സ്ഥാപിച്ചെടുക്കാനുള്ള ഉപബോധ മനസിന്റെ ഒരു തന്ത്രമായി ഈ അമിത സ്നേഹത്തെ കാണാമോ ? പലപ്പോഴും psychological counselors  നെപ്പോലും കബളിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ഇത്രയും സ്നേഹത്തോടെ പെരുമാറുന്ന രക്ഷകര്‍ത്താക്കളെ അവര്‍ പലപ്പോഴും സംശയിക്കില്ല. പക്ഷെ മുന്നിലിരിക്കുന്ന വ്യക്തിയുടെ മുഖ്യ പ്രശ്നം ഈ മാതാപിതാക്കള്‍ അല്ലെങ്കില്‍ ഭര്‍ത്താവ് ആയിരിക്കും. ഇത്രയും സ്നേഹം നിറഞ്ഞ ഇവര്‍ക്കെതിരെ പറയാന്‍ പലപ്പോഴും മക്കള്‍ക്കോ ഭാര്യയ്ക്കോ കഴിയാറുമില്ല. അവസാനം സ്വന്തം പ്രശ്നത്തിന് കാരണം താന്‍ തന്നെ എന്ന് കരുതി അവര്‍ ഒതുങ്ങിപ്പോകുന്നു. ഇതുപോലുള്ള പ്രശ്നങ്ങള്‍ നമ്മുടെ നാട്ടില്‍ ധാരാളം കാണാന്‍ കഴിയും. ശരിയല്ലേ ?

Sunday, August 29, 2010

സുന്ദരി

ഐശ്വര്യാരായിയെക്കാള്‍ മികച്ച പല സുന്ദരിമാരെ കാണാറുണ്ടെങ്കിലും ഏറ്റവും സുന്ദരിയാര് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഐശ്വര്യ എന്ന് ഞാന്‍ പറയുന്നത് snobbery കാരണമാണോ ? അതോ നമ്മുടെ മാധ്യമങ്ങള്‍ നമ്മളെ അങ്ങിനെയാക്കി തീര്‍ത്തോ?